Sports
തിരുവനന്തപുരം: പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ തിരുവന്നതപുരത്തിന്റെ സുവര്‍ണ ഓളം. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ നീന്തലിലെ പകുതിയിലധികം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരുടെ തേരോട്ടം. ആകെയുള്ള 103 മത്സര ഇനങ്ങളില്‍ 56 ഇനം പിന്നിട്ടപ്പോള്‍ 38 സ്വര്‍ണവും 33 വെള്ളിയും 26 വെങ്കലവുമായി 336 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്രെ കുതിപ്പ്.
ഏഴു സ്വര്‍ണവും 11 വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 90 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും ഏഴു സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമായി 72 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം വി എച്ച്എസ്എസ് 65 പോയിന്റുമായി ഒന്നാമതും 37 പോയിന്റോടെ പിരപ്പന്ന്കോട് ഗവണ്മെന്റ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമുണ്ട്
ശ്രീഹരിക്ക് ഇരട്ട റിക്കാർഡ്
നീന്തല്‍ക്കുളത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ മെഡ്ലേ, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയില്‍ റിക്കാര്‍ഡ് നേട്ടവുമായി ശ്രീഹരി. നീന്തല്‍ക്കുളത്തിലെ ആദ്യ ഇരട്ട റിക്കാര്ഡിനാണ് പിരപ്പന്‍കോട് സര്‍ക്കാര്‍ സ്കൂളിലെ ബി. ശ്രീഹരി അര്‍ഹനായത്. 200 മീറ്റര്‍ മെഡ്ലേയില് രണ്ടു മിനിറ്റ് 12.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു റിക്കാര്‍ഡിന് അര്‍ഹനായപ്പോള്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒരു മിനിറ്റ് 56.078 സെക്കന്‍ഡിലായിരുന്നു റിക്കാര്‍ഡ് നീന്തൽ.
Sports
തിരുവനന്തപുരം: പരിമിതികളില്‍ പിന്മാറാനല്ല, പോരാടാനായിരുന്നു ഹരീനയുടെ തീരുമാനം. ആ തീരുമാനവുമായി ഹരീന ഇന്നലെ പിരപ്പന്‍കോട് നീന്തല്‍ കുളത്തിലെത്തി. മെഡല്കൊയ്ത്തിനുമപ്പുറം മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ഹരിനയുടെ ലക്ഷ്യം. ഒന്നര വയസുള്ളപ്പോള്‍ ഉണ്ടായ പനിയെ തുടര്‍ന്നാണ് ഹരിനയുടെ ജീവിതം തന്നെ തകിടം മറിഞ്ഞത്.
പനിയെത്തുടര്‍ന്ന് കൈകള്‍ക്കു ചലനശേഷി നഷ്ടമായി. ചലനക്കുറവുള്ള കൈകളുമായാണ് ഹരിന പോരാട്ടത്തിനായി ഇറങ്ങിയത്. ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരമില്ലാത്തതിനാൽ ജനറല്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങി.
ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ബാക്സ്ട്രോക്ക് മത്സരത്തിലാണ് പോരാട്ടത്തിനിറങ്ങിയത് .പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹരീന. കൈകളുടെ ചലനശേഷി നഷ്ടമായതിനു പിന്നാലെ നിരവധി ചികിത്സകള്‍ നല്കി. എന്നാല്‍, പൂര്‍ണമായും ചലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വാട്ടര്‍ തെറാപ്പിയിലൂടെ മാറ്റങ്ങള്‍ക്ക് സാധ്യതാ സൂചന ഡോക്ടര്‍മാര്‍ നൽകിയതിനു പിന്നാലെയാണ് ഹരീന നിന്തല്ക്കുളത്തിലേക്ക് പരിശീലനത്തിനായി എത്തിത്തുടങ്ങിയത്.
മലമ്പുഴയിലെ സ്വിമ്മിംഗ് ട്രെയ്നറായ ശശീന്ദ്രന്റെ കീഴില്‍ മലമ്പുഴ ചെക്ഡാമിൽ പരിശീലനം ആരംഭിച്ചു. ശരീരപേശികള്‍ക്ക് ഇപ്പോള്‍ നല്ല ചലനം വന്നുതുടങ്ങി. വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാമെന്ന അവസ്ഥയിലെത്തി.
സംസ്ഥാന തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനവും സന്തോഷത്തിലാണ് ഹരിന. ഇനിയും മത്സരത്തിനെത്തും. കേരളത്തിലും ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.അച്ഛന് ദേവരാജിന്റെയും അമ്മ കൃഷ്ണകുമാരിയുടെയും പ്രോത്സാഹനമാണ് ഹരിനയുടെ പോരാട്ടവീര്യത്തിന്റെ അടിസ്ഥാനം
Sports
തിരുവനന്തപുരം: അനന്തപുരിയിലെ കായിക പൂരത്തിന്റെ ട്രാക്ക് & ഫീല്‍ഡിനെ ഉണര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്റെ ഇരമ്പല്‍... ചാറ്റല്‍ മഴത്തുള്ളികള്‍ വേഗതയുടെ കരുത്തില്‍ വകഞ്ഞു മാറ്റി പാലക്കാടന്‍ പിള്ളേര് ഓടിയെടുത്തതെല്ലാം പൊന്നും വെള്ളിയും. കായികമേളയുടെ രണ്ടാം ദിനമായ ഇന്നലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് അരങ്ങേറിയ ദീര്‍ഘ ദൂര ഇനങ്ങളില്‍ പാലക്കാടന്‍ ആധിപത്യം. 3000 മീറ്ററിന്റെ നാലിനങ്ങളിലായി മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് സ്വന്തമാക്കി.
മേളയിലെ ആദ്യ ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെ എം. ഇനിയ സ്വര്‍ണം നേടി. പാലക്കാടിന്റെ തന്നെ ജി. അക്ഷയ വെള്ളി കരസ്ഥമാക്കി. തൊട്ടുപിന്നാലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും പാലക്കാടിനുതന്നെ. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരട്ടനേട്ടം കൈവരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എസ്. ജഗന്നാഥന് സ്വര്‍ണവും പ്ലസ് ടുക്കാരനായ ബി. മുഹമ്മദ് ഷബീര്‍ വെള്ളിയുമണിഞ്ഞു.
3000 മീറ്റര്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്കൂളിലെ എസ്. അര്‍ച്ചന സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തില്‍ അര്‍ച്ചനയായിരുന്നു ജേതാവ്. ഈ ഇനത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ എം. അഭിശ്രീ വെങ്കലം നേടിയപ്പോള്‍ പാലക്കാടിന്റെ അക്കൗണ്ട് വീണ്ടും വീര്‍ത്തു.
3000 മീറ്റര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണവും വെള്ളിയും പാലക്കാടന്‍ താരങ്ങള്‍ കൈവിട്ടില്ല. പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സി.പി. ആദര്‍ശ് സ്വര്‍ണവും ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ സി.വി. അരുള്‍ വെള്ളിയും സ്വന്തമാക്കി.
Sports
തിരുവനന്തപുരം: മഴത്തുള്ളികിലുക്കത്തിനൊപ്പം കുതിച്ചെത്തി ഇനിയ ഫിനിഷ് ചെയ്തപ്പോള്‍ പരിശീലകന് മനോജ് മാഷ് ഇങ്ങനെയാണ് വിളിച്ചത്. എന്റെ പൊന്നേ.... സംസ്ഥാന കായികമേളയില്‍ ട്രാക്കിലെ ആദ്യ സ്വര്‍ണം നേടി എം. ഇനിയ കായികമേളയുടെ പൊന്നായി. ഇന്നലെ രാവിലെ ട്രാക്കുണര്ന്ന് ആദ്യ മത്സരമായ സീനിയര്‍ ഗേള്‍സ് പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഇനിയ സ്വര്‍ണത്തിൽ മുത്തംവച്ചത്.
പാലക്കാട് പറളി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എം. ഇനിയ സബ് ജൂണിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. എടത്തറ സ്കൂളില്‍ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്ന ഇനിയ ഈ അധ്യയന വര്‍ഷം സ്പോര്‍ട്സില്‍ മികവു തേടി പറളി സ്കൂളിലെത്തുകയായിരുന്നു. നാലു മാസത്തെ മാത്രം പരിശീലനത്തിലാണ് ഇനിയയുടെ ഈ നേട്ടം.
സബ്ജൂണിയിര് വിഭാഗം 600 മീറ്ററിലായിരുന്നു ജില്ലവരെ മത്സരം. എന്നാല്‍, സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാവില്ലെന്ന പരിശീലനകന് പി.ജി. മനോജിന്റെ നിര്‍ദേശത്തിന്റെയും ശിക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഈ എട്ടാം ക്ലാസുകാരിയും മത്സരിക്കുകയായിരുന്നു. 10 മിനിറ്റും 56 സെക്കന്റ് സമയത്തിലാണ് ഇനിയയുടെ സ്വര്‍ണം.
പറളി സ്വദേശിയായ കൂലിപണിക്കാരൻ മുരുകന്റെയും പാചകതൊഴിലാളിയായ സിന്ധുവിന്റെയും ഇളയമകളാണ്. സൂര്യ എന്നൊരു സഹോദരനുമുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്കിയ സ്പൈക്കുമായാണ് ഇനിയയുടെ മത്സരം. വെറും നാലു മാസത്തെ പരിശീലനത്തില്‍ മുതിര്‍ന്ന കുട്ടികളൊടോപ്പം മത്സരിച്ചു വിജയിച്ച ഇനിയ ഭാവി കേരളത്തിന്റെ വാഗ്ദാനമാണെന്ന് പരിശീലകന് പി.ജി. മനോജ് പറഞ്ഞു.
Sports
തിരുവനന്തപുരം: കബഡി... കബഡി; പാലക്കാട്... കബഡിയില്‍ വര്‍ഷങ്ങളായുള്ള കാസർഗോഡിന്റെയും തൃശൂരിന്റെയും ആധിപത്യം പാലക്കാട് തകര്‍ത്തു. ജൂണിയര്‍ ആണ്കുട്ടികളൂുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് കബഡിയില്‍ കിരീടം ചൂടി.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കാസർഗോഡിനെ 10 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലക്കാട് ക്വാര്ട്ടറികള് കടന്നത്. സെമിയില്‍ ശക്തമായ പോരാട്ടം നടത്തിയ മലപ്പുറത്തെ രണ്ടു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ഫൈനലില്‍.
അശ്വിന്, സാജന് എന്നിവരാണ് പരിശീലകർ. ഒരാഴ്ചത്തെ ക്യാമ്പിലാണ് കുട്ടികള്‍ക്ക് എതിരാളികളെ കീഴ്പ്പെടുത്തേണ്ട മുറകളും മറ്റും പരീശീലകര്‍ പഠിപ്പിച്ചത്. കബഡി കളിയുടെ കേന്ദ്രമായ നെന്മാറ, ചിറ്റൂര്‍ പ്രദേശത്തെ സ്കൂളൂടെ കുട്ടികളായിരുന്നു പാലക്കാടിന്റെ ആണ്‍കുട്ടികളുടെ സംഘത്തിൽ ഏറെയും.
ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. പാലക്കാടും തൃശൂരുമായുള്ള മത്സരത്തില്‍ ഏറ്റവും ഒടുവില്‍ ടൈ വന്ന് ഒരു പോയിന്റിനാണ് പാലക്കാട് തൃശൂരിനെ കീഴ്പ്പെടുത്തിയത്. കെ.വി. ബൈജുവിന്റെ നേതൃത്വത്തിലാണ് പരിശീലനം.
Sports
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോള്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് രണ്ടിന് എതിരേ മൂന്നു സെറ്റുകള്‍ക്ക് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ കീഴടക്കിയതോടെ നാലാം സ്ഥാനക്കാരായി ഗോവ ഗാര്‍ഡിയന്‍സ് സെമി ഉറപ്പിച്ചു.
കോല്‍ക്കത്ത, ഡല്‍ഹി, കന്നിക്കാരായ ഗോവ ടീമുകള്‍ക്ക് 10 പോയിന്റ് വീതമാണ്. എങ്കിലും സെറ്റ്, പോയിന്റ് വ്യത്യാസത്തില്‍ ഗോവയ്ക്കായിരുന്നു മുന്‍തൂക്കം.
17 പോയിന്റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ മുംബൈ മിറ്റിയേഴ്സും ഗോവയും തമ്മിലാണ് ഇന്നത്തെ ആദ്യ സെമി. മത്സരം വൈകുന്നേറം 6.30ന് ആരംഭിക്കും.
14 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ബംഗളൂരു ടോര്‍പ്പിഡോസും 12 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സും തമ്മില്‍ രാത്രി 8.30നാണ് രണ്ടാം സെമി പോരാട്ടം.